ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോട്ടയം റവന്യൂ ജില്ലയിൽ മീനച്ചിൽ താലൂക്കിൻ്റെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തിന് പൗരാണിക കാലം മുതൽ തന്നെ ചരിത്ര പ്രാധാന്യം ഉണ്ടായിരുന്നു. ക്രിസ്ത്വാബ്ദം 1751 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ പ്രദേശങ്ങൾ കീഴടക്കി വേണാടിനോട് ചേർക്കുന്നതുവരെ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ തെക്കുംകൂർ രാജാക്കൻമാരുടെ സാമന്തന്മാരായിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൻ കീഴിൽ ആയിരുന്നു എന്ന് തിരുവിതാംകൂർ ദിവാൻ പേഷ്കറായിരുന്ന പി. ശങ്കുണ്ണിമേനോൻ 1878 ൽ ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂർ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാം.
കുംഭകോണത്തെ വെങ്ങാലൂർ നിന്നും വന്ന ശ്രീദേവി, അംബികാദേവി എന്നീ രണ്ട് സ്ത്രീ രത്നങ്ങളിൽ ഉത്ഭവിച്ച ഞാവക്കാട് കർത്താക്കന്മാരിലൊരുവനായിരുന്ന ശ്രീവിരദാമോദരസിംഹദുമായിരുന്നു ആദ്യത്തെ മീനച്ചിൽ രാജാവ്. പാണ്ഡ്യരാജവംശജരായ മീനച്ചിൽ കർത്താക്കന്മാർ മധുര മീനാക്ഷിയുടെ പേരിൽ ഈ പ്രദേശത്ത് സ്ഥാപിച്ച് മീനാക്ഷി ക്ഷേത്രത്തിൽ നിന്നാണ് ഈ പ്രദേശത്തിന് മീനച്ചിൽ എന്ന പേര് ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തെക്കുംകൂറിലെ രാജാക്കന്മാർക്ക് മാടമ്പിമാരും അവരുടെ വകയിലുള്ള നായന്മാരും അല്ലാതെ രാജാക്കന്മാർക്ക് പട്ടാളങ്ങളും ആയുധങ്ങളും ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് മാർത്താണ്ഡവർമ്മയ്ക്ക് നിഷ്പ്രയാസം അവരുടെ രാജ്യങ്ങൾ പിടിച്ചടക്കാൻ കഴിഞ്ഞുവെന്നും വൈക്കം പാച്ചുമൂത്തതിൻ്റെ തിരുവിതാംകൂർ ചരിത്രത്തിൽ (1867) കാണുന്നു. 1749-50 ൽ വലിയ യുദ്ധം ഒന്നും ഇല്ലാതെ മീനച്ചിൽ തിരുവിതാംകൂറിനോട് ചേർത്തു എന്ന് എ. ശ്രീധരൻ മേനോൻ എഴുതിയിരിക്കുന്നു (കേരള ചരിത്രം പേജ് 357).
മീനച്ചിൽ രാജാക്കന്മാരുടെ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന അറയ്ക്കൽ മേനോൻ കുടുംബവും ധനകാര്യമന്ത്രിപദം അലങ്കരിച്ചിരുന്ന വളപ്പിൽ മേനോൻ കുടുംബവും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് മീനച്ചിൽ രാജ്യത്തെ കീഴടക്കുന്നതുവരെ മീനച്ചിൽ രാജാക്കന്മാർ ഓരോ കരയിലും രൂപീകരിച്ചിരുന്ന നാട്ടുകൂട്ടങ്ങളും അതിന്‍റെ അദ്ധ്യക്ഷന്മാരായിരുന്ന മില്ലക്കാരന്മാരും മുഖാന്തിരം രാജഭരണം നടത്തിയിരുന്നു. ഇടമറ്റത്ത് ഇന്ന് സ്ഥിതി ചെയ്യുന്ന കെ. എൻ രാമകൃഷ്ണൻ നായർ കാരണവന്മാരായിരുന്നു ഇടമറ്റം കരയിലെ മില്ലക്കാരൻ പോന്നിരുന്നത്. പദം കാക്കനാടിന്റെ അലങ്കരിച്ചു
1888- ൽ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഇന്ത്യയിലാദ്യമായി തിരുവിതാംകൂറിൽ രൂപം കൊടുത്ത ജനപ്രതിനിധിസഭയായ ലെജിസ്ലേറ്റീവ് കൗൺസിൽ 1904 -ൽ ശ്രീമൂലം പ്രജാസഭഎന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. 1932- ൽ ശ്രീമൂലം പ്രജാസഭ എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. 1932 -ൽ ഇത് ശ്രീമൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നീ രണ്ട് മണ്ഡലങ്ങളായി വേർതിരിച്ചു. വിവിധ കാലഘട്ടങ്ങളിലായി ഈ ഗ്രാമപഞ്ചായത്തിലെ പൗരപ്രമുഖരായിരുന്ന തൊമ്മൻ തൊമ്മൻ കുരുവിനാക്കുന്നേൽ പാബാനിയിൽ മാത്തുണ്ണി (ഇദ്ദേഹത്തിന്റെ പിതാമഹൻ കുരുവിള തരകൻ മഹാരാജാവിൽ നിന്നും തകരസ്ഥാനം ലഭിച്ചയാളാണ്), പുത്തൻപുരയ്ക്കൽ ഗോവിന്ദൻ നായർ (ഇദ്ദേഹത്തിന്റെ പൗത്രനായിരുന്നു അന്തരിച്ച പ്രസിദ്ധ സിനിമാ സംവിധായകൻ അരവിന്ദൻ) പുതുപ്പളളി നാരായണപിളള, വരകളിൽ കേശവപിളള (ആദ്യത്തെ മീനച്ചിൽ ഗ്രാമപഞ്ചായത്ത് കമ്മറ്റിയിൽ അംഗമായിരുന്നു) എന്നീ മഹത്വ്യക്തികൾ ശ്രീമൂലം പ്രജാസഭാ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.